Join Our Whats App Group

സാനിറ്ററി നാപ്കിന്റെ ഒരു ഭാഗം അടർത്തിമാറ്റി ലഹരി തിരുകികയറ്റും; ബ്രായുടെ തുന്നൽ മാറ്റി എംഡിഎംഎ പോലുള്ള ലഹരി വയ്ക്കും; കടത്തൽ സുഗമമാക്കാൻ സ്ത്രീ കാരിയർമാർ; വിവാഹ ബന്ധം വേർപെടുത്തി മറ്റൊരാളുമായി ലിവിങ് ടുഗെദറിലായ അമൃത; ലീനയ്ക്കും സിനിമാ ബന്ധങ്ങൾ; അന്വേഷണം മുമ്പോട്ട്

 


കോഴിക്കോട്: 

കോഴിക്കോട് ലഹരി മാഫിയയെ നിയന്ത്രിക്കുന്നത് സ്ത്രീകളോ? സ്ത്രീകളെ ഉപയോഗിച്ച് ലഹരി മരുന്ന് കടത്തുന്ന സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത് ഈ സംശയത്തിലാണ്. വലിയതോതിൽ ലഹരി കടത്തുന്ന സംഘങ്ങൾ കൂടുതലായും സ്ത്രീകളെ കാരിയർമാരാക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. രണ്ടു മാസത്തിനിടെ കോഴിക്കോട് നഗരത്തിൽ ലഹരിയുമായി പിടിയിലായ യുവതികളിൽനിന്നു സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎ പോലുള്ള മാരക ലഹരികളാണു കണ്ടെത്തിയത്. മാരക ലഹരിമരുന്നുമായി പിടിയിലായ ചേവായൂർ സ്വദേശിനി അമൃത തോമസിനു സിനിമ മേഖലയുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തിയിട്ടുണ്ട്.


ലഹരിമരുന്നു കടത്തുന്നതിനു കാരിയർമാരായി സ്ത്രീകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നു സംസ്ഥാന സ്‌പെഷൽ ബ്രാഞ്ച് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് ഉൾപ്പെടെ സ്ത്രീകൾ ലഹരിമരുന്നു കടത്തുണ്ടെന്നും രാത്രികാല വാഹനപരിശോധന നടത്തുന്നവരിൽ വനിതാ പൊലീസുകാർ ഇല്ലാത്തതിനാൽ സ്ത്രീകളുടെ ശരീരപരിശോധന നടത്താൻ കഴിയില്ലെന്നുമായിരുന്നു റിപ്പോർട്ട്. ലഹരികടത്തു സംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനായി പ്രത്യേക സംഘങ്ങളുണ്ടെന്നും പൊലീസ് പറയുന്നു.


കൊച്ചിയിലെ ലഹരി മരുന്നു കേസിൽ എറണാകുളം ഡെൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു അമൃത. കൊച്ചിയിൽനിന്ന് കോഴിക്കോട്ടെത്തുന്നവർക്ക് കട്ടാങ്ങലിലെയും കക്കാടംപൊയിലിലെയും സ്വകാര്യ റിസോർട്ടുകളിൽ ലഹരി പാർട്ടി ഏർപ്പാടു ചെയ്യുന്നതിനു നേതൃത്വം നൽകുന്നതും അമൃതയാണെന്നാണ് സൂചന. കൊച്ചിയിൽ അമൃത നടത്തിയ ലഹരി ഇടപാടുകൾ എന്തെന്നുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. തിരുവണ്ണൂരിൽ മാരക ലഹരിമരുന്നുമായാണ് ഫറോക് റേഞ്ച് എക്‌സൈസ് കഴിഞ്ഞ ദിവസം അമൃതയെ അറസ്റ്റു ചെയ്തത്. അമൃതയുടെ അറസ്റ്റോടെയാണ് സ്ത്രീ കാരിയർമാരിൽ അന്വേഷണം വ്യാപിപ്പിക്കുന്നത്.


ആരും പെട്ടെന്നു സംശയിക്കില്ലെന്ന വിശ്വാസമാണ് സ്ത്രീകളെ ലഹരി കടത്താൻ ഉപയോഗിക്കുന്നതിനു കാരണം. അടിവസ്ത്രത്തിലും നാപ്കിൻ പാഡിലുമാണു കൂടുതലായും ലഹരി കടത്താൻ ഇവർ ഉപയോഗിക്കുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങളും സാനിറ്ററി നാപ്കിൻ പായ്ക്കറ്റും ബാഗിൽ കണ്ടാൽ കർശനമായ പരിശോധനയ്ക്ക് ആരും മുതിരാറില്ല. ഇതാണ് അവസരമാക്കുന്നത്. സാനിറ്ററി നാപ്കിന്റെ ഒരു ഭാഗം അടർത്തിമാറ്റി അതിനുള്ളിൽ ലഹരി തിരുകികയറ്റും. ബ്രായുടെ തുന്നൽ മാറ്റി അതിനുള്ളിൽ എംഡിഎംഎ പോലുള്ള ലഹരി വയ്ക്കും.


അമൃതയിൽ നിന്ന് എക്സ്റ്റസി എന്ന ലഹരിമരുന്നിന്റെ 15 ഗുളിക (7 ഗ്രാം) ഇവരിൽ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. റിസോർട്ടുകളിൽ നിശാപാർട്ടികൾ സംഘടിപ്പിച്ച് വിൽപന നടത്തുന്നതിനായി ഗോവയിൽനിന്നു എത്തിച്ച ലഹരിമരുന്നാണിത്. ആവശ്യക്കാരനെന്ന നിലയിലാണ് എക്‌സൈസ് സംഘം അമൃതയെ വിളിച്ചു വരുത്തി പിടികൂടിയത്. അമൃത ബെംഗളൂരുവിൽ പഠിക്കുകയും അവിടെ ജോലി ചെയ്യുകയും ചെയ്തിരുന്നു. ജോലി ലഭിച്ചപ്പോഴാണു ലഹരി ഉപയോഗം ആരംഭിച്ചത്. പിന്നീട് വിൽപനയിലേക്ക് കടക്കുകയായിരുന്നു.


അമൃതയിൽ നിന്ന് ലഹരി വാങ്ങുന്നവരിൽ യുവതികളും ഉണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. ഇവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. വിവാഹ ബന്ധം വേർപെടുത്തി മറ്റൊരാളുമായി ലിവിങ് ടുഗെദറിലാണ് 33 വയസ്സുകാരിയായ അമൃത. ഒരു മാസം മുൻപ് കുന്നമംഗലത്തുനിന്ന് കാറിൽ കടത്തുകയായിരുന്ന 18.7 കിലോ കഞ്ചാവുമായി പിടിയിലായ തൃശൂർ മുല്ലശേരി സ്വദേശിനി ലീന (43) കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന രീതിയിലാണു കഞ്ചാവ് കടത്തിക്കൊണ്ടിരുന്നത്. ഭർത്താവിനൊപ്പം വയനാട്ടിലേക്കു പോകുകയാണെന്നു പറഞ്ഞു കബിളിപ്പിച്ച ലീനയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സനിലും പൊലീസിന്റെ പിടിയിലായി.


തൃശൂരിൽ ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന ലീന അവിടെവച്ചാണ് ബേക്കറി ജീവനക്കാരനായ സനിലിനെ പരിചയപ്പെടുന്നത്. ലോക്ഡൗണിൽ ഇരുവരുടെയും സ്ഥാപനങ്ങൾ അടച്ചതോടെയാണ് കഞ്ചാവ് കടത്തിലേക്കു തിരിഞ്ഞതെന്നാണ് പറയുന്നത്. ലീനയുടെ ഫോൺ കോൾ പരിശോധനയിൽ നിർണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലെ പ്രധാന ലഹരിമരുന്നു ഇടപാടുകാരും കർണാടകയിലെ സ്വർണ വ്യാപാരികളുമായും ലീനയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.


കോഴിക്കോട് നഗരത്തിൽ ഹോട്ടലിൽ ലഹരി ഡിജെ പാർട്ടി നടത്തുന്ന സംഘത്തിലെ യുവതിയടക്കം 8 പേരെ പൊലീസ് ഓഗസ്റ്റ് മാസം അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായപ്പോൾ പൊലീസിനോട് തൊപ്പി തെറിപ്പിക്കാൻ കഴിവുള്ളവർ തന്റെ ഒപ്പമുണ്ടെന്ന് വീരവാദം മുഴിക്കിയിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ലഹരിയുടെ കെട്ടിറങ്ങിയപ്പോൾ രക്ഷിക്കാൻ ആരുമില്ലാത്തവളാണ് സഹായിക്കണമെന്ന് അഭ്യർത്ഥിച്ചെന്ന് നടക്കാവ് പൊലീസ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group