സ്ത്രീകള്‍ അഭിമുഖികരിക്കുന്ന ചില ആരോഗ്യപ്രശ്‌നങ്ങള്‍ അവര്‍ പരസ്യമായി പറയാന്‍ മടിക്കാറിക്കാറുണ്ട്. അതില്‍ ഒന്നാണ് സ്വകാര്യഭാഗങ്ങളിലെ അണുബാധ. ലോകത്തിലെ 75 ശതമാനം സ്ത്രീകള്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടായിട്ടുണ്ടാകുമെന്നാണ് കണക്ക്. പക്ഷേ അവരില്‍ ഭൂരിഭാഗവും ഈ പ്രശ്‌നം മറ്റുള്ളവരില്‍ നിന്ന് മറച്ചുപിടിക്കാറുണ്ട്. യോനിസ്രവങ്ങളെക്കുറിച്ച് മിക്കവരും പുറത്തുപറയാന്‍ മടിക്കും. ഇവ (വെള്ളപോക്ക്) പലപ്പോഴും അണുബാധയുടെ ലക്ഷണമായിട്ടാണ് വരുന്നത്.
കൗമാരക്കാരിലും ചെറുപ്പക്കാരിലുമുള്ള ഈ അവസ്ഥ പ്രത്യേകിച്ച് ഒരു രോഗലക്ഷണമാകണമെന്നില്ല. അതിന് ദുര്‍ഗന്ധമോ നിറവ്യത്യാസമോ ഇല്ലെങ്കില്‍ മരുന്നോ ചികിത്സയോ ആവശ്യമില്ല. എന്നാല്‍ ഈ സ്രവത്തിന് എന്തെങ്കിലും തരത്തിലുള്ള നിറവ്യത്യാസം (രക്തത്തിന്റെ നിറമോ മറ്റോ) വരുന്നതും ദുര്‍ഗന്ധം ഉണ്ടാകുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. ഗര്‍ഭാശയത്തിനോ ഗര്‍ഭാശയമുഖത്തിനോ ഉണ്ടാകുന്ന അണുബാധയുടെ ലക്ഷണമാകാം ഇത്. മഞ്ഞനിറത്തിലുള്ള ദ്രാവകം പോകുന്നതും അപകടസൂചനയാണ്. ഇതിന് ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ടി വരും. യോനിയുടെ ഭാഗത്ത് ഉണ്ടാകുന്ന ചൊറിച്ചില്‍, ഫംഗസ്ബാധ തുടങ്ങിയവ പലരും പുറത്ത് പറയാന്‍ മടിക്കാറുണ്ട്.
അടിവസ്ത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കാത്തതാണ് പലരിലും ഈ അണുബാധയുണ്ടാക്കുന്നത്. ചൊറിച്ചില്‍ വരുമ്പോള്‍ സ്റ്റിറോയിഡ് ക്രീമുകള്‍ വാങ്ങിപ്പുരട്ടി തല്‍ക്കാലത്തേയ്ക്ക് ആശ്വാസം തേടും. പക്ഷേ ഈ സ്വയം ചികിത്സ ഫംഗസ് മാരകമാകാന്‍ ഇടയാക്കും. മൂത്രം ഒഴിച്ചതിനു ശേഷം യോനിഭാഗം വൃത്തിയാക്കാത്തതും ചിലരില്‍ അണുബാധയ്ക്ക് കാരണമാകും. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പങ്കാളികളില്‍ ഒരാള്‍ ശുചിത്വം പാലിച്ചില്ലെങ്കിലും അതും ഇന്‍ഫക്ക്ഷനിലേയ്ക്ക് നയിക്കും. ഇങ്ങനെയുള്ള അണുബാധയ്ക്ക് പങ്കാളികള്‍ രണ്ടുപേരും ചികിത്സ തേടേണ്ടി വരും. പ്രമേഹം പോലെയുള്ള രോഗങ്ങള്‍ വരുന്നവര്‍ക്കും അണുബാധയ്ക്കുള്ള സാധ്യതയുണ്ട്.
അടിവസ്ത്രങ്ങള്‍ വൃത്തിയായി കഴുകി ഉണക്കി ഉപയോഗിക്കുക. നൈലോണ്‍ അടിവസ്ത്രം ഒഴിവാക്കാം. പകരം കോട്ടണ്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. തോര്‍ത്തും ടൗവലുമൊക്കെ മറ്റുള്ളവര്‍ക്ക് കൈമാറാതിരിക്കുക.തുടര്‍ച്ചയായി മൂത്രാശയഅണുബാധ വരുന്ന സ്ത്രീകള്‍ കൃത്യസമയങ്ങളില്‍ മൂത്രം ഒഴിക്കാനും മൂത്രം പിടിച്ചു നിര്‍ത്താതിരിക്കാനും ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുന്നതും മൂത്രാശയ അണുബാധ തടയും.
إرسال تعليق