തിരുവനന്തപുരം :
സദാചാര പൊലീസിങ്ങും ആൾക്കൂട്ട ആക്രമണവും നടത്തുന്നവരെ കുടുക്കാൻ ‘കേരള പ്രൊട്ടക്‌ഷൻ ഫ്രം ലിഞ്ചിങ് ബിൽ’ വരുന്നു. കരട് നിയമ, ആഭ്യന്തര വകുപ്പുകളുടെ പരിശോധനയിലാണ് ബിൽ. കടുത്ത ശിക്ഷാ നടപടികളും ഉണ്ട്.
വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതി, ഇരയ്‌ക്ക് സർക്കാർ നഷ്‌ടപരിഹാരം നൽകണം, റിലീഫ് ക്യാമ്പ് ആരംഭിക്കണം തുടങ്ങിയവയാണ് പ്രധാനം. ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ കമീഷനാണ് ബിൽ തയ്യാറാക്കിയത്. ആൾക്കൂട്ട ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
മതം, ജാതി, വർഗം, ലിംഗം, വംശീയത, പ്രദേശം, മിശ്രവിവാഹം, ഭാഷ, ഭക്ഷണം, ലൈംഗിക സദാചാരം തുടങ്ങിയവയുടെ പേരിൽ രണ്ടോ അതിലധികമോ പേർ നടത്തുന്ന അക്രമം ഇതിൽപ്പെടും. ഒപ്പം വിദ്വേഷ പ്രസംഗം, പ്രകോപനപരമായ പ്രസ്‌താവന, വ്യാജ വാർത്ത എന്നിവയും പരിധിയിൽ വരും.
ഒരു പൊലീസ് ഐജിയെ സ്‌റ്റേറ്റ് നോഡൽ ഓഫീസറായി നിയോഗിക്കണം. ജില്ലാ നോഡൽ ഓഫീസർ ഡിവൈഎസ്‌പിയാണ്. എല്ലാ സ്‌റ്റേഷനിലും ഒരു പൊലീസ് ഓഫീസർക്ക് ചുമതല നൽകും.
ശിക്ഷ ഇങ്ങനെ
● ആൾക്കൂട്ട ആക്രമണത്തിലൂടെ ഒരു വ്യക്തിയെ മാനസികമായോ ശാരീരികമായോ മുറിവേൽപ്പിച്ചാൽ മൂന്ന് വർഷംവരെ തടവും 10,000 രൂപ പിഴയും.
● ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചാൽ അഞ്ച് വർഷംവരെ തടവും 50000 രൂപ പിഴയും.
● കഠിനമായ മുറിവേൽപ്പിച്ചാൽ പത്ത് വർഷംവരെ തടവും 25,000 രൂപമുതൽ ഒരു ലക്ഷംരൂപവരെ പിഴയും.
● ആൾക്കൂട്ട ആക്രമണത്തിൽ ഇര കൊല്ലപ്പെട്ടാൽ ജീവപര്യന്തവും ഒരു ലക്ഷംമുതൽ അഞ്ച് ലക്ഷംരൂപവരെ പിഴയും.
إرسال تعليق