Join Our Whats App Group

മനുഷ്യപൂർവികരുടെ നിർണായക വിവരങ്ങൾ പുറത്ത്, 20 ലക്ഷം വര്‍ഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തി

 മനുഷ്യനെ പോലെ രണ്ടു കാലില്‍ നടക്കുകയും കുരങ്ങിനെ പോലെ മരം കയറുകയും ചെയ്തിരുന്ന മനുഷ്യ പൂര്‍വികനെ തിരിച്ചറിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 20 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്ന മനുഷ്യപൂര്‍വികനായ ഓസ്‌ട്രേലോപിതെക്കസ് സെഡിയയുടെ ഭൗതികാവശിഷ്ടങ്ങളാണ് നരവംശശാസ്ത്രജ്ഞര്‍ക്ക് പുതിയ അറിവുകള്‍ നല്‍കിയിരിക്കുന്നത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലേയും ജോഹന്നസ്ബര്‍ഗിലെ വിറ്റ്‌വാട്ടേഴ്‌സ്‌റാന്‍ഡ് സര്‍വകലാശാലയിലേയും ഗവേഷകര്‍ അടങ്ങുന്ന രാജ്യാന്തര സംഘമാണ് കണ്ടെത്തലിന് പിന്നില്‍. 



ഓസ്‌ട്രേലോപിതെക്കസ് സെഡിയയുടെ നട്ടെല്ലിന്റെ ഫോസിലാണ് പുതിയ വിവരങ്ങള്‍ നമുക്ക് നല്‍കിയത്. മനുഷ്യപൂര്‍വികരായ ജീവികള്‍ എങ്ങനെയാണ് സഞ്ചരിച്ചിരുന്നത് എന്ന ദശാബ്ദങ്ങള്‍ നീണ്ട തര്‍ക്കം പരിഹരിക്കാനുള്ള സൂചനകളും ഈ തെളിവുകള്‍ നല്‍കുന്നു. 2010ല്‍ വിറ്റ്‌വാട്ടേഴ്‌സ്‌റാന്‍ഡ് സര്‍വകലാശാലയിലെ ലീ ബെര്‍ജെറും സംഘവുമാണ് ആദ്യമായി ഓസ്‌ട്രേലോപിതെക്കസ് സെഡിയയുടെ വിവരങ്ങള്‍ ആദ്യമായി പുറംലോകത്തെത്തിച്ചത്. 


പ്രൊഫസര്‍ ബെര്‍ജറും അന്ന് വെറും ഒൻപത് വയസ് മാത്രം പ്രായമുണ്ടായിരുന്ന മകന്‍ മാത്യുവും ചേര്‍ന്നായിരുന്നു ഓസ്‌ട്രേലോപിതെക്കസ് സെഡിയയുടെ ആദ്യ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. മലാപ ഗുഹയില്‍ നിന്നും കണ്ടെത്തിയ ഈ ഫോസില്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടേയും കറാബോ എന്ന് പിന്നീട് വിളിക്കപ്പെട്ട മകന്റേയുമാണെന്ന് തിരിച്ചറിഞ്ഞു. 2015ലാണ് ഏറ്റവും ഒടുവിലായി ഓസ്‌ട്രേലോപിതെക്കസ് സെഡിയയുടെ ഫോസിലുകള്‍ ലഭിക്കുന്നത്. 


ഇത്തവണ കറാബോ ഗുഹയോട് ചേര്‍ന്നുള്ള ഖനിയിലേക്കുള്ള ട്രാക്കിനായി മണ്ണെടുക്കുന്നതിനിടെയായിരുന്നു ഫോസിലുകള്‍ പുറത്തായത്. ഇത്തവണ ഓസ്‌ട്രേലോപിതെക്കസ് സെഡിയയുടെ കൂട്ടത്തില്‍പെട്ട ഒരു മുതിര്‍ന്ന സ്ത്രീയുടെ നട്ടെല്ലിന്റെ താഴ്ഭാഗത്തെ നാല് കശേരുക്കളും നട്ടെല്ലിനേയും ഇടുപ്പിനേയും ബന്ധിപ്പിക്കുന്ന എല്ലുമാണ് പ്രധാനമായും ഫോസില്‍ രൂപത്തില്‍ ലഭിച്ചത്. ഈ പെണ്‍ ഓസ്‌ട്രേലോപിതെക്കസ് സെഡിയയെ സംരക്ഷക എന്ന് സ്വാഹിലിയില്‍ അര്‍ഥം വരുന്ന ഇസ എന്ന പേരാണ് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്നത്. 


16 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്ന മനുഷ്യ പൂര്‍വിക വര്‍ഗമായ ഹോമോ ഇറക്ടസിന്റെ കെനിയയില്‍ നിന്നും ലഭിച്ച ഫോസിലിനേക്കാളും ആധുനിക മനുഷ്യനേക്കാളും ഓസ്‌ട്രേലോപിതെക്കസ് സെഡിയയുടെ നട്ടെല്ലിന് വളവുണ്ടായിരുന്നുവെന്നു കൂടി ഇതോടെ തെളിഞ്ഞിരിക്കുകയാണ്. നട്ടെല്ലിന്റെ പ്രത്യേകതയും മുതുകിലെ കൂനും ഇവ രണ്ടു കാലില്‍ നടന്നിരുന്നുവെന്നതിന്റെ തെളിവുകളായാണ് ഗവേഷകര്‍ നിരത്തുന്നത്.


മനുഷ്യ പൂര്‍വികരില്‍ നിന്നും മനുഷ്യരിലേക്കുള്ള പരിണാമത്തിലെ നിര്‍ണായക കണ്ണിയാണ് ഓസ്‌ട്രേലോപിതെക്കസ് സെഡിയയെന്നാണ് ഗവേഷകരുടെ വിശേഷണം. പ്രത്യേകിച്ചും കുരങ്ങുകളെ പോലെ മരം കയറാനും മനുഷ്യരെ പോലെ രണ്ടു കാലുകളില്‍ നടക്കാനുമുള്ള ശേഷിയുള്ളതിനാല്‍. നിയാഡര്‍താലുകളുടേയും മനുഷ്യ പൂര്‍വികരായ കുരങ്ങുകളുടേയും നട്ടെല്ലുകളിലെ വിട്ടുപോയ കണ്ണിയായിട്ടാണ് ഓസ്‌ട്രേലോപിതെക്കസ് സെഡിയയെ നരവംശശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇലൈഫ് ജേണലിലാണ് പഠനം പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്.


English Summary: Ancient human relative that lived in South Africa 2 MILLION years ago walked like a human but climbed like an ape

Post a Comment

أحدث أقدم
Join Our Whats App Group