ഈ ഡിജിറ്റൽ കാലഘട്ടത്തിൽ നമ്മുടെ ഡാറ്റ പൂർണമായും സുരക്ഷിതമാണ് എന്ന് പറയാനാകില്ല. നമ്മൾ ഉപയോഗിക്കുന്ന ആപ്പുകളും വെബ്സൈറ്റുകളും പലപ്പോഴും ഡാറ്റ ചോർത്തുന്നവയാണ്. നമ്മുടെ പ്രധാനപ്പെട്ട പാസ്‌വേഡുകളാണ് ഇതിൽ ഏറ്റവും സുരക്ഷിതമായി വെക്കേണ്ടത്. ഗൂഗിൾ എന്നത് ലോകത്തിലെ ഏറ്റവും പ്രചാരമുള്ള സെർച്ച് എഞ്ചിനുകളിലൊന്നാണ്. ഇതിൽ നമ്മുടെ പാസ്‌വേഡുകളും മറ്റും ഓട്ടോഫില്ലിനായി നമ്മൾ സേവ് ചെയ്ത് വെയ്ക്കാറും ഉണ്ട്. ഇത്തരത്തിൽ പലയിടങ്ങളിൽ നമ്മൾ നൽകുന്ന പാസ്‌വേഡുകൾ സുരക്ഷിതമാണോ എന്ന് നോക്കാം
ഗൂഗിൾ പാസ്‌വേഡ് ചെക്ക് ടൂൾ
2019ൽ ഓൺലൈൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഗൂഗിൾ 'പാസ്‌വേഡ് ചെക്ക്-അപ്പ്' എന്ന സൗജന്യ ആഡ്-ഓൺ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചറിലൂടെ നിങ്ങൾക്ക് ശക്തമായ പാസ്‌വേഡുകൾ ഉണ്ടാക്കാൻ കഴിവും. നിങ്ങൾ ഉണ്ടാക്കുന്നത് ദുർബലമായ പാസ്‌വേഡ് ആണെങ്കിൽ ഈ ടൂൾ നിങ്ങൾക്ക് ഒരു അലേർട്ട് നൽകുന്നു. പാസ്‌വേഡുകളെ മൂന്ന് തലങ്ങളിൽ മനസിലാക്കിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇത് കൂടുതൽ സുരക്ഷിതമായ പാസ്‌വേഡുകൾ നൽകാൻ നമ്മളെ സഹായിക്കുന്നു.
പാസ്‌വേഡ് ചെക്ക് അപ്പ് ടൂൾ പരിശോധിക്കുന്ന ആദ്യത്തെ കാര്യം നിങ്ങൾ നേരത്തെ ഉപയോഗിച്ച പാസ്‌വേഡുകളാണോ പുതുതായി നൽകുന്നത് എന്നതാണ്. പിന്നീട് ദുർബലമായ പാസ്‌വേഡുകൾ ഉള്ള നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകൾ ഇത് കാണിച്ച് തരും. ഇവ കൂടാതെ നിങ്ങളുടെ പാസ്‌വേഡ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന കാര്യവും നിങ്ങളെ അറിയിക്കാൻ ഈ സംവിധാനത്തിന് സാധിക്കും. ഈ ഫീച്ചറാണ് ഗൂഗിൾ പാസ്‌വേഡ് ചെക്ക് ടൂളിന്റെ ഏറ്റവും വലിയ സവിശേഷത.
പാസ്‌വേഡ് ചെക്ക്-അപ്പ് ടൂൾ ഉപയോഗിച്ച്, നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുമായി കണക്ട് ചെയ്തിട്ടുള്ള എല്ലാ ആപ്പുകളും വെബ്‌സൈറ്റുകളും നിങ്ങൾക്ക് പരിശോധിക്കാൻ സാധിക്കും. ഓരോ ആപ്പിന്റെയും വെബ്‌സൈറ്റിന്റെയും പാസ്‌വേഡ് മാറ്റാനോ എഡിറ്റ് ചെയ്യാനോ ഓപ്ഷനും ഗൂഗിൾ ഇതിൽ നൽകിയിട്ടുണ്ട്. ഇതിനൊപ്പം നിങ്ങളുടെ യൂസർ വിവരങ്ങൾ നൽകിക്കൊണ്ട് ഡിലീറ്റ് ബട്ടണിൽ ക്ലിക്കുചെയ്ത് നിങ്ങൾക്ക് അവ ഡിലീറ്റ് ചെയ്യാനും സാധിക്കും. നിങ്ങളുടെ ഏതെങ്കിലും ഗൂഗിൾ അക്കൗണ്ടുകളിലേക്ക് പാസ്‌വേഡ് സേവ് ചെയ്ത് വച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഇത് പ്രവർത്തിക്കുകയുള്ളു.
ഗൂഗിൾ പാസ്‌വേഡ് ചെക്ക് ടൂൾ ഉപയോഗിക്കുന്നത് എങ്ങനെ
നിങ്ങളുടെ പാസ്‌വേഡ് ലീക്ക് ആയിട്ടുണ്ടോ, സുരക്ഷിതമാണോ എന്നറിയാൻ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്യുക,
• passwords.google.com എന്ന വെബ്സൈറ്റിൽ കയറി ഗൂഗിൾ പാസ്‌വേഡ് മാനേജറിലേക്ക് പോകുക.
• പാസ്‌വേഡ് മാനേജറിൽ, പാസ്‌വേഡ് ചെക്ക് ചെയ്യാനുള്ള ഒരു ഓപ്ഷൻ കാണും.
• നിങ്ങളുടെ സിസ്റ്റത്തിൽ ലോഗിൻ ചെയ്‌തിരിക്കുന്ന ജിമെയിലിന്റെ പാസ്‌വേഡ് ഗൂഗിൾ ചോദിക്കും.
• നിങ്ങളുടെ ഓൺലൈൻ ക്രെഡൻഷ്യലുകൾ ചോർന്നിട്ടുണ്ടോ എന്നും മറ്റ് എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്നും ഗൂഗിൾ നിങ്ങളെ അറിയിക്കും.
ലീക്ക് ആയ പാസ്‌വേഡ് പരിശോധിക്കാൻ ചെയ്യണ്ടത്
• നിങ്ങളുടെ ഫോണിന്റെ സെറ്റിങ്സിലേക്ക് പോകുക, തുടർന്ന് സിസ്റ്റം ഓപ്ഷനും അതിൽ ലാഗ്വേജ് ആന്റ് ഇൻപുട്ട് ഓപ്ഷനും തിരഞ്ഞെടുക്കുക
• അഡ്വാൻസ് ഓപ്ഷൻ ക്ലിക്കുചെയ്യുക.
• ഓട്ടോഫിൽ സെർച്ച് ടാപ്പുചെയ്യുക.
• ഗൂഗിളിന്റെ സർവ്വീസിനായി ഫോണിൽ സെറ്റിങ്സ് എനേബിൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കാൻ ഗൂഗിളിൽ ക്ലിക്കുചെയ്യുക.
ശക്തമായ പാസ്‌വേഡ് ഉണ്ടാക്കാം
നിങ്ങളുടെ ഡാറ്റയുടെയും മറ്റും സുരക്ഷ ഉറപ്പാക്കാൻ പാസ്‌വേഡ് ശക്തമായിരിക്കണം. അതിന് ആദ്യം നിങ്ങളുടെ പാസ്‌വേഡ് മോഷ്ടിക്കപ്പെടുന്നത് തടയേണ്ടതുണ്ട്. ഇതിനായി പാസ്‌വേഡിൽ പ്രത്യേക ചിന്ഹങ്ങളോ വലിയക്ഷരത്തിന്റെയും ചെറിയക്ഷരത്തിന്റെയും കൂട്ടിയോജിപ്പിക്കലോ നൽകുക. നിങ്ങളുടെ എല്ലാ അക്കൗണ്ടുകൾക്കും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനുള്ള നെറ്റ്ബാങ്കിങ് ക്രിയേറ്റ് ചെയ്യുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിങ്ങൾ അക്കൗണ്ട് ഉണ്ടാക്കുമ്പോൾ ഹാക്കർമാരിൽ നിന്നും സുരക്ഷിതരായിരിക്കാൻ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കുക. പൊതുവാ വൈഫൈ നെറ്റ്‌വർക്കുകളിലേക്ക് കണക്റ്റ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ ഒട്ടും സുരക്ഷിതമല്ല. ഡാറ്റ നഷ്ടപ്പെട്ടാൽ ഒരു അധിക ബാക്കപ്പിനായി ഗൂഗിൾ ഡ്രൈവ് പോലുള്ള ക്ലൗഡ് സേവനങ്ങളിൽ നിങ്ങളുടെ ഡാറ്റ സുരക്ഷിതമാണ് എന്ന് ഉറപ്പാക്കുക.
إرسال تعليق