തളിപ്പറമ്പ്:
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തീവെച്ചു നശിപ്പിച്ച കേസില്‍ വിദേശത്തേക്ക് കടന്ന ആൾ പിടിയിൽ പയ്യന്നൂര്‍ കൊക്കാനിശേരി സ്വദേശിയും വെള്ളൂര്‍ കാറമേലില്‍ താമസക്കാരനുമായ ടി.സുധീഷി(32)നെയാണ് പോലിസ് ഇന്‍സ്‌പെക്ടര്‍ എ.വി ദിനേശിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ജയ്‌മോന്‍, ദിലീപ്, സിവില്‍ പോലിസ് ഓഫിസര്‍ ജബ്ബാര്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
2014 സപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സഹോദരി ഭര്‍ത്താവുമായി വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തളിപ്പറമ്പ് പൂക്കോത്തുതെരുവിലെ സഹോദരി ഭര്‍ത്താവിന്റെ വീട്ടിലെത്തിയ പ്രതി മുറ്റത്ത് നിര്‍ത്തിയിട്ട കാറിന് പെട്രോള്‍ ഒഴിച്ച തുണി ഇട്ട് സമീപത്തായി സിഗരറ്റ് കത്തിച്ചുവച്ച് തന്ത്രപരമായി കാര്‍ തീവെച്ചു നശിപ്പിക്കുകയായിരുന്നു. സഹോദരി ഭര്‍ത്താവായ നിരൂപിന്റെ അനുജന്‍ എം.നിജേഷിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു കാര്‍. പരാതിയില്‍ കേസെടുത്ത തളിപ്പറമ്പ് പോലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ഏറെ രാഷ്ട്രീയമായി വിവാദമാകുമായിരുന്ന കേസില്‍ യഥാര്‍ഥ പ്രതിയെ പിടികൂടിയത്. 30ദിവസത്തോളം ജയിലില്‍ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു. തുടര്‍ന്ന് വിചാരണയ്ക്ക് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് 2021ല്‍ തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലിസ് താമസ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
إرسال تعليق