Join Our Whats App Group

പിരീഡ് സമയത്തെ മൂഡ്‌ സ്വിങ്ങ്സ് ‘തലവേദന’യാകുന്നുണ്ടോ?

 

വേദനയും പിന്നെ അതിനോട് ചേർത്ത് വെക്കാവുന്ന പല അസ്വസ്ഥതകളും നിറഞ്ഞതാണ്‌ ആർത്തവ കാലം. ഇതിനൊപ്പം മാനസികാവസ്ഥ കൂടി അടിമുടി മാറിയാലോ? ആ ദിനങ്ങൾ ഏറെ കഷ്ടത നിറഞ്ഞതാകും. കാഴ്ചകളും ശബ്ദവുമെല്ലാം ഒരുപോലെ അസഹനീയമായ അവസ്ഥ. ഒരുപാട് ഇഷ്ടമുള്ള പ്രിയപ്പെട്ട ഗാനം കേൾക്കുന്നത് പോലും ഭ്രാന്ത് പിടിപ്പിയ്ക്കുന്ന ദിനങ്ങൾ ഉണ്ടാകാറുണ്ട് ചില സ്ത്രീകൾക്ക്. ചിലർക്ക് പ്രിയപ്പെട്ട ആളുകളെ കാണുന്നത് പോലും കലിയിളകുന്ന അവസ്ഥ. ഇതൊക്കെ ആർത്തവ ദിനങ്ങളിലെ ‘മൂഡ്‌ സ്വിങ്ങ്സ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ആർത്തവ ദിനങ്ങളിൽ ശരീരത്തിലെ ഈസ്ട്രജൻ, പ്രോജസ്റ്റ്റോൺ തുടങ്ങിയ ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇത്തരം മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം. ഓരോ സ്ത്രീയിലും ഈ അവസ്ഥ വ്യത്യസ്ത രീതികളിൽ ആയിരിക്കാം.

ആർത്തവം ആരംഭിയ്ക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇത്തരം പ്രശ്നങ്ങൾ തലപൊക്കി തുടങ്ങും. ചിലർക്ക് ഇത് നിത്യ ജീവിതത്തിലെ പല കാര്യങ്ങളെയും ബന്ധങ്ങളുടെ നിലനിൽപ്പിനെ പോലും ബാധിയ്ക്കുന്ന തരത്തിലാണ് മാറുന്നു. അതിനാൽ ഈ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുകയെന്നത് അത്യാവശ്യമാണ്.

ഈ ദിനങ്ങളിൽ അകാരണമായ ദേഷ്യവും ടെൻഷനും ഉണ്ടാകുക സ്വാബിഭാവികമാണ്. ചെറിയ കാര്യങ്ങൾക്ക് പോലും വലിയ തോതിൽ പൊട്ടിത്തെറിയ്ക്കും. മറ്റുള്ളവർ സംസാരിയ്ക്കുന്ന കാര്യങ്ങൾ അതേ അർത്ഥത്തിൽ മനസിലാക്കാൻ കഴിയാതെ വരികയും തെറ്റിധാരണ ഉണ്ടാകുകയും പ്രശ്നങ്ങൾ ഉണ്ടാകുകയുമൊക്കെ ചെയ്യുന്ന അവസ്ഥയും ചിലരിൽ കണ്ടേക്കാം. മനസ്സിനെ നിയന്ത്രിക്കുക എന്നത് തന്നെയാണ് ഇതിന് ചെയ്യേണ്ട ഒരൊറ്റ പ്രതിവിധി. ഇതിനായി ധ്യാനമോ മറ്റ് ശ്വസന വ്യയമാങ്ങളോ ചെയ്യുന്നത് ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാൻ കഴിയും.

കഴിക്കുന്ന ഭക്ഷണവും ജീവിതശൈലിയുമെല്ലാം ആർത്തവ സമയത്തെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ആരോഗ്യകരമായ ഭക്ഷണം ആവശ്യമുള്ള അളവിൽ കഴിയ്ക്കാനായി ശ്രദ്ധിക്കുക.

ആരോഗ്യകരമായ ഭക്ഷണം ആവശ്യമുള്ള അളവിൽ കഴിയ്ക്കാനായി ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ കാലഘട്ടത്തിലും പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികളും ഫലങ്ങളുമെല്ലാം നന്നായി കഴിക്കേണ്ടതുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിയ്ക്കാനായി ശ്രദ്ധിയ്ക്കുക. മാംസം, മുട്ട, മത്സ്യം, ബീൻസ്, പയറ്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ പോലുള്ളവ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുക.

കൂടാതെ പ്രോട്ടീൻ ധാരാളം അടങ്ങിയ ചെറുപയർ, മുതിര പോലുള്ള പയർ വർഗ്ഗങ്ങൾ കൂടുതലായി കഴിക്കുന്നത് ഗുണം ചെയ്യും, പ്രത്യേകിച്ച് ആർത്തവ സമയത്തിനു ഒരാഴ്ച മുൻപ് മുതൽ ഇവ ആഹാരത്തിൽ ഉൾപ്പെടുത്താം.

ആർത്തവ ദിനങ്ങളിൽ പലരും വ്യായാമം ചെയ്യുന്നത് ഒഴിവാക്കി, എവിടെയെങ്കിലും ചടഞ്ഞു കൂടി ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത്. കൃത്യമായ വ്യായാമം പതിവാക്കുന്നത് ശരീരത്തിനും മനസ്സിനും ഗുണം ചെയ്യും. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഏറെ ഗുണകരമായ രീതികളാണ് യോഗയും ധ്യാനവും. നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് ഉത്തേജനം നൽകാൻ സഹായിക്കുന്ന എൻ‌ഡോർ‌ഫിൻ‌സ് എന്ന നല്ല രാസവസ്തുക്കളുടെ കാര്യക്ഷമത വർദ്ധിപ്പിയ്ക്കാൻ ഇതിനാകും.


നല്ല മാനസികാവസ്ഥ ലഭിക്കുന്നതിനായി രാത്രിയിൽ ശരാശരി 8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിയ്ക്കുക. ആവശ്യത്തിനു ഉറക്കം ലഭിയ്ക്കുന്നില്ലെങ്കിൽ ഇത് നിങ്ങളുടെ മാനസികാവസ്ഥയെ സാധാരണ ദിവസങ്ങളിൽ പോലും പ്രശ്നത്തിലാക്കുമെന്ന് ഓർക്കുക.ആർത്തവ സമയത്തെ വേദന കുറയ്ക്കാൻ കഫീൻ അടങ്ങിയ കോഫി പോലുള്ളവ പലരും നിർദ്ദേശിക്കാറുണ്ട്. ഇത് വേദന കുറയ്ക്കാൻ സഹായിക്കുമെങ്കിലും ആർത്തവ സമയങ്ങളിൽ അമിതമായുള്ള കഫീൻ ഉപയോഗം മാനസിക സമ്മർദ്ദം കൂട്ടുകയും അനാവശ്യ അസ്വസ്ഥതകൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും.

ആർത്തവ കാലത്ത് മൂഡ്‌ സ്വിങ്ങ്സ് അനുഭവിയ്ക്കുന്ന സ്ത്രീ ആരായാലും ചുറ്റുമുള്ളവരുടെ പിന്തുണയാണ് ആദ്യം വേണ്ടത്. അകാരണ ദേഷ്യമോ മറ്റ് വിഭ്രാന്തികളോ പ്രകടിപ്പിക്കുമ്പോൾ ചേർത്ത് നിർത്തുക. പങ്കാളിയ്ക്ക് ഇത്തരം കാര്യങ്ങൾ പരിചയമില്ലെങ്കിൽ മുൻകൂട്ടി പറഞ്ഞു മനസിലാക്കുക. ദേഷ്യവും അനാവശ്യ ടെൻഷനും ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് അവരെ ധരിപ്പിയ്ക്കണം. തെറ്റിധാരണ മൂലമുള്ള വഴക്കുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.


Post a Comment

أحدث أقدم
Join Our Whats App Group