Join Our Whats App Group

വീട് പണിയാൻ പെർമിറ്റ് ആവശ്യമായ രേഖകൾ എന്തൊക്കെ എങ്ങനെ അപേക്ഷിക്കാം

 


ഒരു വീട് അല്ലെങ്കിൽ ബിൽഡിംഗ് പണിയുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് ബിൽഡിംഗ് പെർമിറ്റ് പോലുള്ള കാര്യങ്ങൾ കൃത്യമായി ലഭിക്കാത്ത പക്ഷം കെട്ടിട്ടം പണിതാൽ പിന്നീട് അത് പൊളിച്ചു കളയേണ്ട അവസ്ഥ വരെ വരാറുണ്ട്. എന്നാൽ എന്താണ് ബിൽഡിംഗ് പെർമിറ്റ് എന്നും, അത് ലഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും, ബിൽഡിംഗ് പെർമിറ്റ് ലഭിക്കുന്നതിനായി ഏത് സ്ഥാപനത്തെയാണ് സമീപിക്കേണ്ടത് എന്നും നമ്മളിൽ പലർക്കും അറിയില്ല. ബിൽഡിംഗ് പെർമിറ്റ്, ഒക്യൂപൻസി സർട്ടിഫിക്കറ്റ് എന്നിവയെ പറ്റി വിശദമായി മനസ്സിലാക്കാം.

എന്താണ് ബിൽഡിംഗ് പെർമിറ്റ്?

ഒരു കെട്ടിടം പണിയുന്നതിന് മുൻപായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ആയ കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്നും ബിൽഡിംഗ് പണിയുന്നതിനായി സർക്കാരിൽ നിന്നും ലഭിക്കുന്ന രേഖയെ ആണ് ബിൽഡിംഗ് പെർമിറ്റ് എന്ന് പറയുന്നത്.അതായത് ബിൽഡിംഗ് പെർമിറ്റ് ലഭിക്കാത്ത പക്ഷം നിയമപരമായി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ തുടങ്ങാൻ സാധിക്കുന്നതല്ല.

സാധാരണയായി കെട്ടിടനിർമ്മാണം നടത്തുന്നതിന് ഒരു കോൺട്രാക്ടർ അല്ലെങ്കിൽ, എഞ്ചിനീയറെ സമീപിക്കുകയാണ് പതിവ്.
ബിൽഡിംഗ് പെർമിറ്റ് ലഭിക്കുന്നതിന് ആവശ്യമായ ഡിസൈനിങ് കാര്യങ്ങൾ ഇവരിൽ നിന്നും ലഭിക്കുന്നതാണ്. ഉത്തരവാദിത്വപ്പെട്ട ഡിസൈനർ അല്ലെങ്കിൽ എൻജിനീയർ അതിൽ സീൽ, സൈൻ എന്നിവ പതിപ്പിച്ചു നൽകുന്നതാണ്.

എന്നാൽ വീട് വെക്കുന്ന വ്യക്തി ബിൽഡിംഗ് പെർമിറ്റ് ലഭിക്കുന്നതിന് നൽകേണ്ട രേഖകൾ ആണ് വീട് വയ്ക്കുന്ന സ്ഥലത്തിന്റെ ഒറിജിനൽ ആധാരം, വീട് വെക്കുന്ന വ്യക്തിയുടെ പേരിൽ തന്നെയായിരിക്കണം സ്ഥലത്തിന്റെ ആധാരം ഉണ്ടായിരിക്കേണ്ടത്. ഇത്തരത്തിൽ വെരിഫൈ ചെയ്യുന്നതിനുവേണ്ടി നൽകുന്ന ഒറിജിനൽ ആധാരം വേരിഫിക്കേഷൻ കഴിഞ്ഞാൽ തിരികെ ലഭിക്കുന്നതാണ്. അതോടൊപ്പം ആധാര ത്തിന്റെ ഒരു കോപ്പി സബ്മിറ്റ് ചെയ്യേണ്ടിവരും.

അടുത്തതായി നൽകേണ്ട ഒരു പ്രധാന രേഖ വസ്തുവിന്റെ കരം അടച്ച രസീത് ആണ്. ഏറ്റവും പുതിയ കരമടച്ച രസീത് ആണ് ഇത്തരത്തിൽ സബ്മിറ്റ് ചെയ്യേണ്ടത്. കരം അടച്ച രസീത് ലഭിക്കുന്നതിനായി വില്ലേജ് ഓഫീസിൽ കരം അടച്ച ശേഷം, പുതിയതായി ഭൂമി വാങ്ങിയത് ആണെങ്കിൽ അതിന്റെ പോക്കുവരവ് നടത്തിയ ശേഷമാണ് കരമടച്ച രസീത് വാങ്ങേണ്ടത്.

മറ്റൊരു പ്രധാന രേഖയാണ് പൊസഷൻ സർട്ടിഫിക്കറ്റ്. ഇത് ലഭിക്കുന്നതിനായി അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സ്ഥലത്തിന്റെ കരം അടച്ച രസീത് ഉപയോഗിച്ചാണ് പൊസഷൻ സർട്ടിഫിക്കറ്റ് അപ്ലൈ ചെയ്യാൻ സാധിക്കുക. അപ്ലൈ ചെയ്താൽ പൊസിഷൻ സർട്ടിഫിക്കറ്റ് രണ്ടോ മൂന്നോ ദിവസത്തിനകം ലഭ്യമാകുന്നതാണ്.

ബിൽഡിംഗ്‌ പെർമിറ്റ് ലഭിക്കുന്നതിന് ആവശ്യമായ മറ്റ് പ്രധാന രേഖകളാണ് ലൊക്കേഷൻ സ്കെച്ച്, സൈറ്റ് മാപ്പ് എന്നിവ. ലൊക്കേഷൻ സ്കെച്ച് ലഭിക്കുന്നതിനായി വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് ഒരു നിശ്ചിത തുക ഫീസായി നൽകേണ്ടതുണ്ട്. ലൊക്കേഷൻ സ്കെച്ച് ലഭിക്കുന്നതിന് മുൻപായി വില്ലേജ് ഓഫീസിൽ നിന്നും അധികാരികൾ സ്ഥലം പരിശോധിക്കുകയും, അതിനുശേഷം ലൊക്കേഷൻ സ്കെച്ച് തയ്യാറാക്കി നൽകുകയും ചെയ്യുന്നതാണ്.ലൊക്കേഷൻ പ്ലാൻ, ഡയറക്ഷൻ, സ്ഥലത്തേക്കുള്ള വഴി എന്നീ വിവരങ്ങളെല്ലാം ലൊക്കേഷൻ സ്കെച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ടാവും.

ഒരു ബിൽഡിംഗ് പെർമിറ്റ് അപേക്ഷ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നൽകുന്നതിന് മുൻപായി മുകളിൽ പറഞ്ഞ എല്ലാ രേഖകളും അതോടൊപ്പം നൽകേണ്ടതുണ്ട്. കൂടാതെ ലൈസൻസ് എൻജിനീയറുടെ ഭാഗത്തുനിന്നും ലഭിക്കുന്ന രേഖകൾ കൂടി ഇതോടൊപ്പം നൽകേണ്ടതുണ്ട്. നിർമ്മിക്കാനുദ്ദേശിക്കുന്ന ബിൽഡിംഗ് എലവേഷൻ, സൈറ്റ് പ്ലാൻ, മഴവെള്ള സംഭരണി ഉണ്ടെങ്കിൽ അവയുടെ വിവരങ്ങൾ എന്നീ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡീറ്റെയിൽഡ് ആയിട്ടുള്ള മൂന്ന് സെറ്റ് പ്ലാൻ ആണ് എൻജിനീയറുടെ ഭാഗത്തുനിന്നും ലഭിക്കേണ്ടത്.

എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് കോപ്പി, എല്ലാവിധ വിവരങ്ങളും കൃത്യമായി ഫിൽ ചെയ്ത് അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് ഓണറുടെ സൈൻ, ലൈസൻസ് എൻജിനീയറുടെ സൈൻ എന്നിവ ഉൾപ്പെടുത്തിയ J1, J2 അപ്ലിക്കേഷൻ ഫോം കൂടി ബിൽഡിംഗ് പെർമിറ്റ് ലഭിക്കുന്ന അപേക്ഷയോടൊപ്പം നൽകേണ്ടതുണ്ട്.


ബിൽഡിംഗ് പെർമിറ്റ് എടുക്കാതെ ബിൽഡിംഗ് പണിയുമ്പോൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ്?

ബിൽഡിംഗ്‌ പെർമിറ്റ് എടുക്കാതെ കെട്ടിടം നിർമ്മിച്ചു കഴിഞ്ഞാലും പിന്നീട് വീട്ടുനമ്പർ,കറണ്ട് കണക്ഷൻ എന്നിവ ലഭിക്കുകയില്ല. കൂടാതെ പെർമിറ്റ് ലഭിക്കുന്നതിന് മുൻപായി കെട്ടിടം നിർമ്മിക്കാൻ ആരംഭിക്കുകയും പിന്നീട് പെർമിറ്റ് ലഭിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമീപിക്കുകയും ചെയ്യുമ്പോൾ പെർമിറ്റ് ലഭിക്കുന്നതിനായി സാധാരണ നൽകുന്നതിന്റെ 3 ഇരട്ടി ഫീസ് നൽകേണ്ടതായി വരും. നിർമ്മാണ ആവശ്യങ്ങൾക്കായി ടെമ്പററി കറന്റ്‌ കണക്ഷൻ ലഭിക്കുന്നതിനുവേണ്ടി പോലും ബിൽഡിംഗ് പെർമിറ്റ് ആവശ്യമാണ്. കൂടാതെ വീട് നിർമ്മാണത്തിന് ഹോം ലോൺ ആവശ്യമാണ് എങ്കിൽ അത് ലഭിക്കണമെങ്കിലും ബിൽഡിംഗ് പെർമിറ്റ് ആവശ്യമാണ്.

ബിൽഡിംഗ് പെർമിറ്റ് ഇല്ലാതെ പണി നടന്നുകൊണ്ടിരിക്കുമ്പോൾ ബിൽഡിംഗ് റൂൾ വയലേഷൻ സംഭവിക്കുകയാണെങ്കിൽ കെട്ടിടം പൂർണമായും പൊളിച്ചു മാറ്റേണ്ട അവസ്ഥയും വരാറുണ്ട്. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ഒരു കെട്ടിടം നിർമ്മിക്കുന്നതിന് മുൻപായി ബിൽഡിംഗ് പെർമിറ്റ് നിർബന്ധമായും എടുക്കേണ്ടതുണ്ട്.

കെട്ടിടം പൂർണമായും നിർമ്മിച്ചു കഴിഞ്ഞ് ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ആവശ്യമായ രേഖകൾ എന്തെല്ലാമാണ്?

ഓക്യൂപൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിങ്ങൾ ആദ്യം നൽകിയ പ്ലാനിൽ നിന്നും ഏതെങ്കിലും രീതിയിലുള്ള മാറ്റം വരുത്തിയിട്ടുണ്ട് എങ്കിൽ നിലവിൽ കെട്ടിടം നിർമ്മിച്ച പ്ലാൻ എങ്ങിനെയാണോ അതിന്റെ ഡ്രായിങ് മൂന്ന് സെറ്റ്, ആദ്യം നൽകിയ പ്ലാ നിന്റെ കോപ്പി, അപ്ലിക്കേഷൻ ഫോം എന്നിവ സഹിതം ഒക്യൂപൻസി സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഓക്യൂപൻസി സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിച്ചു കഴിയുമ്പോൾ ഓവർസിയർ അല്ലെങ്കിൽ AEO സൈറ്റ് വന്ന് പരിശോധിക്കുകയും നൽകിയിട്ടുള്ള അളവുകളിൽ യാതൊരു രീതിയിലുള്ള വ്യത്യാസം ഇല്ല എന്ന് ഉറപ്പു വരുത്തി ഓക്യൂപ്പഷൻ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നതാണ്. തുടർന്ന് റവന്യൂ ഡിപ്പാർട്ട്മെന്റ് ആണ് വീട്ടുനമ്പർ സംബന്ധിച്ച വിവരങ്ങൾ നൽകുന്നത്.

ഒരു വീട് പുതിയതായി പണിയുന്നതിനോ, നിലവിലുള്ള വീട് മാറ്റം വരുത്തുന്നതിനോ ബിൽഡിംഗ് പെർമിറ്റ് ലഭിക്കുന്നതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് മുകളിൽ പറഞ്ഞിട്ടുള്ളത്. ഇവ കൃത്യമായി ഫോളോ ചെയ്ത് ബിൽഡിങ് നിർമാണം ആരംഭിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.

Post a Comment

أحدث أقدم
Join Our Whats App Group