ബംഗളൂരു:
ഒളിച്ചോടാന്‍ നിര്‍ബന്ധിച്ച 28കാരിയായ കാമുകിയെ പതിനേഴുകാരന്‍ കത്തിയും കത്രികയും ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി.ബംഗളൂരുവിലെ യാരബ്‌നഗറില്‍ താമസിക്കുന്ന അഫ്രീന്‍ ഖാനാണ് കൊല്ലപ്പെട്ടത്. അഫ്രീന്‍ഖാന്‍ 17 വയസുള്ള കൗമാരക്കാരനുമായി പ്രണയത്തിലായിരുന്നു. മാത്രമല്ല ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്നു. ഒടുവില്‍ ഒരുമിച്ച്‌ജീവിക്കുന്നതിനായി ഒളിച്ചോടാമെന്ന് പറഞ്ഞ് പതിനേഴുകാരനെ അഫ്രീന്‍ ഖാന്‍ നിര്‍ബന്ധിച്ചു തുടങ്ങി. പക്ഷേ ആണ്‍കുട്ടിക്ക് ഇതില്‍ ഒട്ടും താത്പര്യമില്ലായിരുന്നു. ഇതേചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് അഫ്രീന്‍ ഖാന്റെ വീട്ടിലാണ് സംഭവം. ഒളിച്ചോടാമെന്നും മറ്റേതെങ്കിലും നാട്ടില്‍ പോയി സ്വതന്ത്രമായി ജീവിക്കാമെന്നും അഫ്രീന്‍ വീണ്ടും വാശി പിടിച്ചപ്പോള്‍ പ്രകോപിതനായ കൗമാരക്കാരന്‍ കത്തിയും കത്രികയും ഉപയോഗിച്ച് യുവതിയെ നിരവധി തവണ കുത്തുകയായിരുന്നു. രക്തത്തില്‍ കുതിര്‍ന്ന് കിടക്കയില്‍ പിടഞ്ഞുമരിച്ച അഫ്രീന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ശേഷം കൗമാരക്കാരന്‍ സ്ഥലം വിട്ടു. വീട്ടില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിച്ചു. കൊല്ലപ്പെട്ട അഫ്രീന്റെ ഭര്‍ത്താവ് ലാലുവിനെ ബനശങ്കരി പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സംഭവവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് വ്യക്തമായി.
പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് നല്‍കിയത് അഫ്രീന്റെ സഹോദരിയാണ്. ആണ്‍കുട്ടി അഫ്രീന്റെ വസതി സന്ദര്‍ശിക്കാറുണ്ട് എന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യംചെയ്യലില്‍ കൗമാരക്കാരന്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു.
إرسال تعليق