Join Our Whats App Group

ഏഴിമല നാവിക അക്കാദമിയില്‍ കെല്‍ട്രോണ്‍ സ്ഥാപിച്ച സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു



കണ്ണൂര്‍: 
ഏഴിമല നാവിക അക്കാദമിയില്‍ പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെല്‍ട്രോണ്‍ സ്ഥാപിച്ച 3 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. സതേൺ നേവൽ കമാൻഡ് - കമാൻഡിങ് ചീഫ് വൈസ് അഡ്മിറൽ അനിൽകുമാർ ചാവ്‌ല വീഡിയോ കോൺഫറൻസിങ്ങിലൂടെ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.രാജ്യത്തെ നാവിക അക്കാദമികളില്‍ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റാണിത്. 2018 ഏപ്രിലില്‍ ആരംഭിച്ച പദ്ധതി കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ കെല്‍ട്രോണിന് സാധിച്ചു. അക്കാദമിയുടെ ആവശ്യത്തിന് ശേഷം അധികമായി വരുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കും. പദ്ധതിയുടെ നിര്‍വഹണവും പ്ലാന്റിന്റെ സംയോജനവും കെല്‍ട്രോണാണ് പൂര്‍ത്തിയാക്കിയത്.

25 വര്‍ഷം കാലാവധിയുള്ള 9180 പാനലുകളാണ് 6 ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ചത്. തദ്ദേശീയമായി നിര്‍മ്മിച്ച  മോണോ പെര്‍ക് സെല്‍ സോളാര്‍പാനലുകളും ഒരു മെഗാവാട്ട് ശേഷിയുള്ള മൂന്ന് സെന്‍ട്രല്‍ ഇന്‍വെര്‍ട്ടറുമാണ് പദ്ധതിയ്ക്കായി ഉപയോഗിച്ചത്. 2022 ഓടെ സോളാറില്‍ നിന്നും 100 ഗിഗാവാട്ട് ഊര്‍ജ്ജ ഉല്‍പാദനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റ് നിര്‍മാണം. ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ ഗുണനിലവാര അംഗീകാരം ലഭിച്ച പ്ലാന്റിന്റെ അഞ്ചുവര്‍ഷത്തെ പരിപാലനവും കെല്‍ട്രോണിനാണ്. 21.48 കോടിയാണ് പദ്ധതി ചെലവ്. പദ്ധതി മികച്ച രീതിയില്‍ സമയബന്ധിതമായി നടപ്പാക്കിയതിന് നാവിക അക്കാദമി കെല്‍ട്രോണിനെ അഭിനന്ദിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group