തിരുവനന്തപുരം:
കോവിഡ് ബാധിച്ച് മരിച്ച ആളുടെ ശവസംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രതിഷേധവും പ്രശ്നങ്ങളും ഉണ്ടാകുന്നത് ആദ്യമായല്ല. കോട്ടയത്ത് ആണ് കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ ശവസംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് ഇന്നലെ പ്രതിഷേധമുണ്ടായത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം മരിച്ച ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജ്ജിന്‍റെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചാണ് കൗണ്‍സിലരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്. മുട്ടമ്പലം പൊതുശ്മശാനത്തില്‍ നടത്തുന്നതിനെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം മരിച്ച ഔസേപ്പ് ജോര്‍ജ്ജിന്‍റെ പരിശോധനാ ഫലം കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. കോട്ടയം ജില്ലയിലെ ആദ്യ കോവിഡ് മരണമായിരുന്നു ഇദ്ദേഹത്തിന്‍റേത് .
ഇപ്പോഴിതാ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ കോട്ടയത്തുണ്ടായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍, കോവിഡ് ബാധിച്ച് മരിച്ച ഒരാളുടെ മൃതദേഹത്തില്‍ നിന്ന് കോവിഡ് പകരുമോ എന്നൊക്കെയുള്ള കാര്യങ്ങള്‍ വിശദമായി പറഞ്ഞു തരികയാണ് ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക്ക് എന്ന ഫെയ്സ്ബുക്ക് പേജ്. ഡോക്ടര്‍ ജിനേഷ് പി എസ് ആണ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
കോവിഡ് പകരുന്നത് വൈറസ് ബാധയുള്ള ഒരാൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുമ്പോഴാണ്. ഒരു മൃതശരീരവും തുമ്മില്ല, ചുമയ്ക്കില്ല. മാത്രമല്ല, ഒരു രീതിയിലും സ്രവങ്ങൾ പുറത്തെത്തില്ല എന്നുറപ്പിക്കാൻ പ്ലാസ്റ്റിക് ബാഗിലാണ് ബോഡി കൈമാറുന്നതെന്നും കുറിപ്പില്‍ പറയുന്നു.
ഏതൊരു സാഹചര്യത്തിലും ഏറ്റവും സുരക്ഷിതമായ മാർഗമാണ് ദഹിപ്പിക്കൽ എന്നത്. കോവിഡ് മരണങ്ങളിൽ ദഹിപ്പിക്കൽ 100% സുരക്ഷിതമാണ്. ഇങ്ങനെ മൃതദേഹം ദഹിപ്പിക്കുന്നതല്ല അപകടം, ആൾക്കൂട്ടങ്ങളാണ് അപകടം. തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിൽ ഒരാൾക്ക് കോവിഡ് ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് പകരാമെന്നും കുറിപ്പിലൂടെ ഇന്‍ഫോ ക്ലിനിക്ക് വിശദീകരിക്കുന്നു.
إرسال تعليق