Join Our Whats App Group

കോവിഡ് പ്രതിരോധത്തിന് പരിയാരത്ത് ഒരു റോബോട്ട് കൂടി


കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ കോവിഡ് രോഗികളെ നിരീക്ഷിക്കുന്നതിനും രോഗികളുമായി ആശയവിനിമയം നടത്തുന്നതിനുമായി പുതിയ റോബോട്ട് എത്തി. മെഡിക്കൽ കോളേജ് അധികാരികളുടെ നിർദേശപ്രകാരം ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ്‌ കോളേജിലെ റിസർച്ച് ടീം രൂപകൽപന ചെയ്തതാണിത്. നേരത്തെ ഐ.സി.യു. നിരീക്ഷണത്തിനായി പരിയാരത്ത് ഒരു റോബോട്ടിന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. ആൻഡ്രോയിഡ് വേർഷനിൽ പ്രവർത്തിക്കുന്ന ഈ റോബോർട്ടിൽ ഒരു ടാബ്‌ലെറ്റ് കംപ്യൂട്ടർകൂടിയുണ്ട്. വാർഡിൽ കഴിയുന്ന രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും ഇടയിൽ ആശയവിനിമയത്തിന് കൂടി പ്രാധാന്യംനൽകിക്കൊണ്ടാണ് പുതിയ റോബോട്ടിന്റെ പ്രവർത്തനം.

ഇതുവഴി ചികിത്സയിലുള്ള രോഗികൾക്ക് പി.പി.ഇ. കിറ്റിലല്ലാതെ ഡോക്ടറേയും നഴ്‌സിനെയുമെല്ലാം കാണുന്നതിനും സംസാരിക്കുന്നതിനും സാധിക്കും.
റോബോട്ടിൽ സെറ്റ് ചെയ്തുവച്ചിരിക്കുന്ന മികച്ച ക്യാമറാസംവിധാനത്തോടെയുള്ള ടാബ്‌ലെറ്റ് കംപ്യൂട്ടർ വഴിയാണ് ഇത് സാധിക്കുന്നത്. ഡോക്ടർക്ക് എവിടെനിന്നും മൊബൈൽ ഉപയോഗിച്ച് കൺസൾട്ടേഷൻ ആവശ്യമുള്ള രോഗിയെ വീഡിയോ കോൾവഴി കാണാനും ചികിത്സ നിർദേശിക്കാനും കഴിയുന്നതിനാണിത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എം.കുര്യാക്കോസിന് വിമൽജ്യോതി എൻജിനീയറിങ്‌ കോളേജ് അസിസ്റ്റന്റ് മാനേജർ ഫാ. പയസ് പടിഞ്ഞാറെമുറിയിൽ കൈമാറി. വൈസ് പ്രിൻസിപ്പൽ ഡോ. എസ്.രാജീവ്, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.സുദീപ്, റോബോട്ട് രൂപകൽപനചെയ്ത ടീമംഗങ്ങളായ ഡോ. ടി.ഡി.ജോൺ (ഡീൻ- റിസർച്ച് വിങ്‌) , പ്രൊഫ. വി.സമ്പത്ത്‌കുമാർ (ഇൻസ്ട്രുമെന്റേഷൻ വിഭാഗം), സുനിൽ പോൾ (മെക്കാനിക്കൽ എൻജിനീയറിങ്‌), സി.ആർ.സരിൻ (ഇലക്ട്രിക്കൽ എൻജിനീയറിങ്‌) എന്നിവരും പങ്കെടുത്തു.

പ്രവിജിത്ത് പാത്രവളപ്പിലിന്റെ നേതൃത്വത്തിൽ എഞ്ചീനീയറിങ്‌ കോളേജിലെ ആദ്യബാച്ച് അലുംനി അസോസിയേഷനാണ് ഒരു റോബോട്ട് സ്പോൺസർചെയ്തത്.

Post a Comment

أحدث أقدم
Join Our Whats App Group